മായക്കാഴ്ചകൾ
നാലു വെള്ളിയാഴ്ചകൾ കടന്നുപോയിരിക്കുന്നു. രവിയെ കാണാനില്ല. എവിടെ ആണോ ആവോ? അവസാനം കണ്ടപ്പോഴും പറഞ്ഞതാണ് 'എടാ, ചിലപ്പം ഞാൻ ഇവിടം വിടും; മതിയായടാ; വീട്ടിൽ ഒരു സമാധാനവുമില്ല. വന്നു വന്നു പട്ടിണിയാവുകയാണ്; എത്ര ദിവസം ഇങ്ങിനെ തള്ളിക്കൊണ്ടുപോകും?
എന്ത് പറഞ്ഞാശ്വസിപ്പിക്കണമെന്നറിയാതെ നിന്ന ഞാൻ പൊടുന്നനെ വിഷയം മാറ്റി, അല്ല, ഇന്നു മഴയ്ക്ക് നല്ല ലക്ഷണം ഉണ്ടല്ലോടാ?.
"ആ" അലക്ഷ്യമായ മൂളലോടെ അവൻ കാർമേഘങ്ങൾ മൂടിയിരുളുന്ന ആകാശത്തേക്ക് നോക്കിയിരുന്നു.. ഉച്ച വരെ മങ്ങിയ വെയിലേറ്റു കിടക്കുന്ന ഭൂമിക്കുമീതെ അപരാഹ്നത്തിന്റെ കൊടുങ്കാറ്റും പേമാരിയുമായി തുലാമഴ ആർത്തലച്ചു പെയ്യുന്ന ദിവസങ്ങൾ. മഴയ്ക്ക് മുമ്പേ വീടെത്തണം എന്നുള്ളിലുണ്ടായിരുന്നെങ്കിലും ആകെ വിഷാദാർദ്രനായിരുന്ന കൂട്ടുകാരനെ തനിച്ചാക്കി പോകുവാൻ ഒരു മടി.
"രവീ; നീ വിഷമിക്കാതെ ; നമുക്കെന്തെങ്കിലും വഴിയുണ്ടാക്കാം" തന്റെ അർത്ഥമില്ലാത്ത ആശ്വസിപ്പിക്കലിനു വേദന നിറഞ്ഞ ഒരു മന്ദഹാസം മാത്രമായിരുന്നു അവന്റെ മറുപടി.
വലിയ പേരുകേട്ട തറവാട്ടിലെ ഏക ആണ്തരിയാണ് രവി. ഇട്ടുമൂടാൻ മാത്രം ഭൂസ്വത്തുക്കൾ ഉണ്ടായിരുന്ന തറവാട് പ്രപിതാമഹന്മാരുടെ ധാരളിപ്പ് മൂലം കാലാന്തരേ ക്ഷയിച്ചു ക്ഷയിച്ചു ഇന്ന് ഗതകാലസ്മൃതികളെ താരാട്ടി നിൽകുന്ന ഒരു പ്രേതാലയം പോലെയായി.
പ്രായം ചെന്ന മുത്തശ്ശിയും ചെറുപ്പത്തിലെ വിധവയായ അമ്മയും വിവാഹപ്രായം കഴിഞ്ഞു നില്ക്കുന്ന രണ്ടു ഏട്ടത്തിമാരും അവന്റെ തീരാവേദന ആണെന്നറിയാമെങ്കിലും ഒരിക്കലും അത് അവന്റെ മുഖത്ത് നിന്ന് കേൾക്കാൻ പറ്റിയിരുന്നില്ല. എപ്പോഴും ചിരിച്ചു മുഖവുമായല്ലാതെ അവനെ കാണാനും പറ്റുമായിരുന്നില്ല; ബിരുദാനന്തര ബിരുദം നേടിയിട്ടും ഉന്നതകുലജാതൻ എന്ന ഒറ്റ കാരണം കൊണ്ട് അർഹിക്കുന്ന ജോലികളൊക്കെ അവനു നഷ്ടമാകുകയായിരുന്നു.
കഴിഞ്ഞ തവണത്തെ ഇന്റെർവ്യൂ കഴിഞ്ഞെത്തിയ അവൻ പതിവിലധികം നിരാശനും ദു:ഖിതനും ആയി ഏറെ നേരം തന്റെ അടുത്ത് വെറുതെ ഇരുന്നതോർക്കുമ്പോൾ എന്റെ നെഞ്ചിലൊരു പിടച്ചിൽ ഞാനറിയാതെ ഉണർന്നു. ഇനി നൈരാശ്യം കൂടി വല്ല കടും കയ്യും.....
ഞാൻ എന്തൊക്കെ ആണ് ദൈവമേ ഈ ചിന്തിക്കുന്നത്. എന്റെ രവി, അവനു അങ്ങിനെ ഉള്ള ദുർബുദ്ധി ഒന്നും തോന്നരുതേ..
ഏതായാലും പരന്ന പാറപ്പുറത്തെ ഇന്നത്തെ ഈ ഒറ്റക്കുള്ള ഇരിപ്പ് ശരിയാവുന്നില്ല, മനസ്സ് നിയന്ത്രിക്കാൻ പറ്റുന്നില്ല. ഗൌരിയെടത്തിയെ കണ്ടേ മതിയാവൂ, അവൻ എവിടെ പോയെന്നറിയണം. അത് കഴിഞ്ഞു മതി വീട്ടിലേക്കു പോകുന്നത്. ഇപ്പോൾ പോയാൽ ചിലപ്പോൾ കുമുദത്തിന്റെ റേഷൻ കടയുടെ മുന്നില് തല താഴ്ത്തി നില്ക്കുന്നത് കാണാം. ആയകാലത്ത് കുമുദത്തിന്റെ വീട്ടുകാർക്ക് ഏടത്തിയുടെ വീട്ടുകാർ ആവുന്നത്ര സഹായങ്ങൾ ചെയ്തിരുന്നതാണ്. അവളുടെ റേഷൻ കട പോലും ഇവരുടെ സൗജന്യമായിരുന്നു എന്ന് കേട്ടിട്ടുണ്ട്.
എന്നാലും ഒരു ദിവസം താൻ നേരിട്ട് കേട്ടതാണ് കുമുദത്തിന്റെ അലർച്ച; നിറഞ്ഞ കണ്ണുകൾ മറ്റാരും കാണാതെ ഇരിക്കാൻ പിഞ്ചിയ മഞ്ഞ സാരി തലവഴി മൂടിപുതച്ചു ഏടത്തി തല താഴ്ത്തി നടന്നുപോകുന്നതും നോക്കി ഞാൻ ഏറെ നേരം നിന്നുപോയി. കുമുദത്തിന്റെ അലർച്ച വീടെത്തുവോളവും പിന്നീടെന്റെ ചെവിയിൽ അലച്ചുകൊണ്ടിരുന്നു.
"കടം മേടിക്കാനായി ഒരുങ്ങിക്കെട്ടി ഇറങ്ങിക്കോളും , ഇതെത്ര ആയെന്നു വല്ല ബോധോം ഉണ്ടോ. അരി വേണം പോലും.. അതും കടം, ഇങ്ങിനെ മേടിച്ചതൊക്കെ എന്ന് തന്നു തീർക്കുമോ, അല്ലെങ്കിൽ തന്നെ അതിനും മാത്രം ആ ദ്രവിച്ച കോലോത്ത് എന്തിരിക്കുന്നോ ആവോ "
പ്രതീക്ഷ തെറ്റിയില്ല, ദൂരെ നിന്നെ കണ്ടു.. തലവഴി തന്റെ പിഞ്ചിയ മഞ്ഞ സാരി ചുറ്റി കണ്ണുനീർ തുടക്കാതെ ഒഴിഞ്ഞ സഞ്ചിയുമായി നടന്നു വരുന്ന ഗൌര്യെടത്തിയെ,
ഭൂതകാലത്തിന്റെ പിന്നിലെങ്ങോ മാഞ്ഞുപോയ ഒരു സന്ധ്യാനേരം പൊടുന്നനെ എന്റെ മനസ്സിൽ തെളിഞ്ഞു മാഞ്ഞു.
അന്നും മഴയുള്ള ഒരു ദിവസമായിരുന്നു; രവിയെ തേടി ചെന്ന പതിനാലുവയസ്സുകാരനെ ഇറയത്തു വച്ച് വിളിച്ചിരുത്തി സ്നേഹപൂർവ്വം വിളമ്പി തന്ന പാൽക്കഞ്ഞിയുടെ സ്വാദു വീണ്ടും ഞാനറിഞ്ഞു.
'ഇന്നീയേടത്തിയുടെ പിറന്നാളാണ് കേട്ടോ, അതിനാ ഇത്'.
അവരുടെ വാക്കുകൾ വീണ്ടും കേട്ടതുപോലെ തോന്നി. അന്നത്തെ ഐശ്വര്യം നിറഞ്ഞ ഏടത്തിയിൽ നിന്നും ഈ വരുന്ന രൂപത്തിന് എന്ത് മാറ്റം?
"ഗൌര്യെടത്തീ"; രവി എവിടെ ആണ്" ? തന്റെ ചോദ്യം അവരെ ഒന്നമ്പരപ്പിച്ചതു പോലെ തോന്നി. എങ്കിലും ഒന്നും മിണ്ടാതെ മുമ്പോട്ട് നടക്കാൻ തുടങ്ങിയ ഏട്ടത്തിയെ തടഞ്ഞു നിർത്തി വീണ്ടും ഞാൻ ചോദ്യം ആവർത്തിച്ചു .
'എന്താ ഏടത്തി, ഒന്നും മിണ്ടാതെ പോകുന്നത്, ഇത് ഞാനല്ലേ, എന്നോട് പറയ്.."
'മോനെ' ഒരു ചില്ലുപാത്രം വീണുടഞ്ഞതുപോലെ അവരുടെ ശബ്ദം ചിതറി വീണു. അവൻ. അവൻ ഇനി വരില്ല....
എനിക്കൊന്നും മനസ്സിലായില്ല, എന്താണ് ഏടത്തി പറയുന്നതെന്നും, ഗദ്ഗദങ്ങൾക്കിടയിലൂടെ ചിതറിവീണ ഏതാനും വാക്കുകളിൽ അവർ പറഞ്ഞത് ഞാൻ അവ്യക്തമായി കേട്ടു. തിരുവനന്തപുരത്ത് നിന്നും വന്ന ജോലിക്കാര്യം തിരക്കാൻ പോവാണ് എന്ന് പറഞ്ഞു ഇറങ്ങിയതാണ്. നാല് ദിവസം മുമ്പ് പോലീസ് അന്വേഷിച്ചു വന്നപ്പോഴാണ് അറിഞ്ഞത്.. അവിടെയും ജോലി കിട്ടിയില്ല എന്നറിഞ്ഞ നിരാശയിൽ അവൻ ഏതോ തീവണ്ടിക്കു മുന്നിൽ ........
“എന്നാലും അവൻ ഞങ്ങളെ കൂടെ ഓർത്തില്ലല്ലോ. വിളിച്ചാൽ ഞങ്ങളും കൂടെ ചെല്ലിലായിരുന്നോ.. അവനെ തനിയെ വിടുമായിരുന്നോ...?
അവരുടെ കരച്ചിൽ ഇടമുറിഞ്ഞു, വിധിയുടെ കനത്ത അടിയേറ്റ് തളർന്നുപോയ ആ സാധു സ്ത്രീയുടെ കവിളിലൂടെ ഒഴുകി വന്ന കണ്ണുനീർ കാണാനാവാതെ ഞാൻ തലതാഴ്ത്തി



No comments:
Post a Comment