Tuesday, July 7, 2015

തുഷാര

ഓരോ തുലാമഴയിലും എന്നിലവളുടെ ഓർമ്മകളുടെ ഒരായിരം നീലത്തിരകളാർത്തിരമ്പും. .
 
'തുഷാര' അതായിരുന്നു അവളുടെ പേര്. 


 
 
ഒരു തുഷാരബിന്ദു പോലെ ആർദ്ര; ഇരുവശത്തും ഇടതൂർന്നു നിൽക്കുന്ന നെൽക്കതിരുകളെ മന്ദമന്ദം താരാട്ടി സായന്തനത്തിന്റെ ഇളംതണുപ്പും പേറി വടക്കോട്ട് ഒഴുകിപ്പോകുന്ന മന്ദമാരുതന്റെ തലോടലിൽ ഇളകുന്ന ചികുരഭാരം ഇടതുതോളിലൂടെ മുന്നിലേക്കിട്ടാ സൗന്ദര്യധാമം തന്റെ നീല ദാവണിത്തുമ്പ് കടിച്ചു പിടിച്ചങ്ങിനെയാ പാടത്തിന്റെ നടുവിലൂടെ കടന്നു പോകുന്നതിനായി എത്രയോ സന്ധ്യകൾ ഞാനവിടെ കാത്തു നിൽക്കുമായിരുന്നു.
 
 
 
സന്ധ്യകളിൽ ചക്രവാളത്തിൽ പടരുന്ന കുങ്കുമവർണ്ണം അവളുടെ കവിളുകളിൽ തട്ടി പ്രതിഫലിക്കുമായിരുന്നു. ആ നിമിഷങ്ങളിൽ ഭൂമിയിലേക്ക് വഴിതെറ്റി വന്ന ഒരു അപ്സരസ്സാണവൾ എന്നെനിക്കു തോന്നുമായിരുന്നു. ഈ ലോകം ഇത്ര മനോഹരമായത് ഇവൾക്കു വേണ്ടിയാണെന്നും ഇവളില്ലാതെ ജീവിതം അർത്ഥശൂന്യമാണെന്നും ഞാൻ പിന്നീട് തിരിച്ചറിയുമായിരുന്നു.. എന്റെ കാവ്യഭാവനകളവളേ ചുറ്റിപ്പിണഞ്ഞു കിടന്നിരുന്നു ...അവൾ തന്നെ ആയിരുന്നു എന്റെ കവിതകളും.
 
ജീവജാലങ്ങളിലാകെയന്തർലീനമായിരിക്കുന്ന സൗന്ദര്യാംശങ്ങൾ മാത്രം തിരഞ്ഞെടുത്തു സൃഷ്ടിച്ച ആ മധുമധുരരൂപം അസ്തമനസൂര്യന്റെ സ്വർണ്ണ കിരണങ്ങളിൽ കുളിച്ചാ പാടവരമ്പിലൂടെ മന്ദമന്ദം വരുന്നത് സങ്കൽപ്പിച്ചു സങ്കൽപ്പിച്ചു കിടക്കുമായിരുന്ന എന്റെ കണ്മുന്നിലൂടെ എത്രയോ രാത്രികൾ ഉറക്കമില്ലാതെ കടന്നുപോയി. ഉറങ്ങാൻ അല്ലെങ്കിലും എനിക്കാവുമായിരുന്നില്ലല്ലോ; കണ്ണടച്ചാലും കണ്ണ് തുറന്നാലും എങ്ങോട്ട് നോക്കിലുമാ വിശ്വവശ്യരൂപം എന്നെ ഞാനറിയാതെ മറ്റേതോ ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകുമായിരുന്നു.
 
രാവുകൾ എന്നെ സംബന്ധിച്ചിടത്തോളം വിരഹം നിറഞ്ഞതും അസഹനീയവുമായിരുന്നു. അന്നൊക്കെ ഓരോ ദിവസങ്ങളും ഉദിക്കുമായിരുന്നതു ഇന്നവളെ കാണാം എന്നുള്ള പ്രതീക്ഷകളോടെ ആയിരുന്നു.   
 
സ്വതേ അന്തർമുഖനായിരുന്ന എനിക്ക് പക്ഷേ എന്റെ പ്രേമം അവളോട് തുറന്നു പറയുവാൻ ധൈര്യമില്ലായിരുന്നു. എങ്കിലും അവളെ ഞാൻ പ്രണയിച്ചു, ലോകത്തൊരു കാമുകനും തന്റെ കാമുകിയെ സ്നേഹിക്കുന്നതിനേക്കാൾ കൂടുതൽ.  ഏതു വാക്കുകൾക്കുമതീതമായിരുന്നു നിഷ്ഫലമെങ്കിലുമെന്റെ സ്നേഹം.
 
 
രാത്രികളിൽ അവളെ സങ്കൽപ്പിച്ചു എഴുതുമായിരുന്ന എത്രയോ പ്രേമലേഖനങ്ങൾ പിറ്റേന്ന് അവളെ കാണുമ്പോൾ നൽകുവാനാവാതെ കടന്നുപോകുകയും പിന്നീട് സ്വയം വായിച്ചു സങ്കടപ്പെടുകയും ചെയ്ത രാവുകൾ!! എന്നെങ്കിലും കാലത്ത് ഞാൻ വിവാഹം കഴിക്കുമെന്നും അതിവളെ ആയിരിക്കുമെന്നും അന്നേ ഞാൻ ഉറപ്പിച്ചിരുന്നു.
 
 
പിന്നത്തെ കൊല്ലത്തിൽ തുലാമഴയ്ക്കൊപ്പം ചീറിയടിച്ച കാറ്റിൽ നിലം പറ്റെ പൊട്ടി വീണുകിടന്ന ഒരു വൈദ്യുതകമ്പിയിൽ തട്ടി എന്റെ സൗന്ദര്യ സങ്കൽപ്പങ്ങളും- സ്നേഹപ്രതീക്ഷകളുമെല്ലാം തകർന്നുപോയത് ഇന്നും വിശ്വസിക്കാനാവാതെ ഞാൻ.

No comments:

Post a Comment