Monday, July 6, 2015

ഒഴിഞ്ഞ കെട്ടിടം


ഞങ്ങളുടെ ഗ്രാമത്തിൽ പണ്ട് ഒരു ഒഴിഞ്ഞ കെട്ടിടം ഉണ്ടായിരുന്നു. 

 

ഗ്രാമത്തിലെ ഏക ധനിക കുടുംബത്തിന്റെ വക എക്കർ കണക്കിനു നീണ്ടു കിടക്കുന്ന തെങ്ങുംതോപ്പിന് നടുവിൽ  സിമിന്റു തേച്ച ഭിത്തികൾ ഉള്ള ഓടിട്ട കെട്ടിടം ഒരു പ്രേതാലയം പോലെ എന്നും അടഞ്ഞു കിടന്നിരുന്നു. 

 


ഇതൊരിക്കലെങ്കിലും  ഒന്ന് തുറന്നു കണ്ടിരുന്നെങ്കിൽ എന്ന് ഞാനന്ന് ആഗ്രഹിച്ചിരുന്നതിനു കയ്യും കണക്കുമില്ലാ.  അതെന്തിന് പണിഞ്ഞതാണെന്നും  എന്ന് പണിഞ്ഞതാണെന്നും   ഞാൻ പലരോടും തിരക്കിയെങ്കിലും ആർക്കും അത്ര കൃത്യമായ മറുപടി ഇല്ലായിരുന്നു.

 

അതിന്റെ ഒരു വശത്തെ ഭിത്തി മുഴുവൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്കാർ ബുക്ക് ചെയ്തിരുന്നതുപോലെ കരികൊണ്ടും കറുത്ത മഷികൊണ്ടും വരച്ച അരിവാൾ ചുറ്റിക നക്ഷത്രങ്ങൾ നിറഞ്ഞു നിന്നിരുന്നു.   അതിനിടയിൽ ചില മുദ്രാവാക്യങ്ങളും കുറിച്ചിരുന്നു. അതിലൊന്നു ഞാനിന്നും ഓർക്കുന്നു. "ഇന്ദിരയെ തളക്കൂ - ഇന്ത്യയെ രക്ഷിക്കൂ" എന്നായിരുന്നു.

 

എതു കാലത്ത് ആരെഴുതിയതാണ് എന്നൊന്നുമറിയാത്ത ഒരു മുദ്രാവാക്യം!! ഇന്ദിര എന്നാൽ ഒരു ആനയാണെന്നും അതിനെ തളക്കുന്ന കാര്യം ആണ്  അതിൽ എഴുതിയിരുന്നതെന്നും എന്റെ കുഞ്ഞു ബുദ്ധിയിൽ അന്ന് ഞാൻ വിചാരിച്ചിരുന്നു (ഇന്നതോർക്കുമ്പോൾ ചിരി വരുമെങ്കിലും).

 

കാലമേറെ കഴിഞ്ഞു.. മാറി മാറി വന്ന കാറ്റും മഴയും വെയിലുമെല്ലാം അതിജീവിച്ചു കെട്ടിടം  അങ്ങിനെ തലയുയർത്തി നിന്നു.. എങ്കിലും അതൊന്നു തുറന്നു കണ്ടിരുന്നെങ്കിൽ എന്ന എന്റെ ആഗ്രഹം മാത്രം നടന്നില്ല.

 

കാലം കടന്നു. ഗ്രാമത്തിലെ എൽപി സ്കൂളിൽ ആരംഭിച്ച വിദ്യാഭ്യാസം കലാലയ ജീവിതത്തോടെ തിരശ്ശീല വീണു, ഞാൻ അന്നത്തെ സാധാരണ ഏതൊരു ശരാശരി മലയാളിയെപോലെയും വടക്കേ ഇന്ത്യയിലേക്ക് പോന്നു.  

 

ഗൃഹാതുരചിന്തകൾ ചിലപ്പോഴെന്നെ പിന്നോട്ട് നയിക്കുമ്പോൾ ഒഴിഞ്ഞ കെട്ടിടവും എന്റെ മനസ്സില് വരും. അതിലെഴുതിയിരുന്ന മുദ്രാവാക്യവും. ഒരു മന്ദഹാസത്തിന്റെ അനുരണനത്തോടെ എന്റെ ഓർമ്മയിൽ തെളിയും.

 

കഴിഞ്ഞ വർഷം അവധിക്കു ഗ്രാമത്തിലേക്ക് വണ്ടി കയറുമ്പോൾ കെട്ടിടം അതിന്റെ ഉടമസ്ഥരെ കൊണ്ട് തുറപ്പിക്കണം; അതിനിനി എന്ത് ചെലവ് വന്നാലും ശരി; ഇതൊക്കെ എന്റെ മനസ്സിൽ ഉണ്ടായിരുന്നു.  അങ്ങിനെ ഗ്രാമത്തിൽ വർഷങ്ങൾക്കു ശേഷം ഞാനെത്തി.    ഗ്രാമത്തിന്റെ നെഞ്ചു കീറിപ്പിളർന്നു കിടക്കുന്ന ചെമ്മണ്പാതയിലൂടെ നടക്കാൻ കൊതിച്ച എന്നെ വരവേറ്റത് കറുത്ത് നീണ്ട ടാർ റോഡായിരുന്നു....  

 

അങ്ങിങ്ങ് മാത്രം കണ്ടിരുന്ന ചെറിയ വീടുകൾ നിന്ന സ്ഥലമെല്ലാം ഇരുനിലമാളികകലായി തലയുയർത്തി നിൽക്കുന്നു.  വലിയ വലിയ കൊടിമരങ്ങൾ, രക്തസാക്ഷി മണ്ഡപങ്ങൾ; ചെറിയ ചായക്കടകൾ ഉണ്ടായിരുന്നിടത്ത്  ഹോട്ടൽ എന്ന ഫ്ലെക്സ്ബോര്ഡ് വച്ച കടകൾ!!!!!!

 

ഞാൻ പഠിച്ചിരുന്ന എൽപി സ്കൂൾ ഇങ്ക്ലീഷ് മീഡിയം സ്കൂളായി പുരോഗമിച്ചിരിക്കുന്നു. അതിന്റെ മുമ്പിൽ മഞ്ഞനിറമടിച്ച ബസ്സുകൾ നിരത്തിയിട്ടിരിക്കുന്നു..

 


വല്ലപ്പോഴും ഒരു ബസ്സ് മാത്രം വന്നിരുന്ന വഴിയിലിന്നു  ചീറിപ്പായുന്ന ബസ്സുകളും കാറുകളും ബൈക്കുകളും ഓട്ടോറിക്ഷകളും. ഗ്രാമത്തിനു വന്ന മാറ്റം.  ബസ്സ് എന്റെ ഒഴിഞ്ഞ കെട്ടിടത്തോടടുക്കുകയാണ്.. നെഞ്ചിൽ ഒരു പെരുമ്പറ കൊട്ടുന്നതുപോലെ, ഇപ്പോഴും മുദ്രാവാക്യങ്ങൾ അതിന്റെ ഭിത്തിയിൽ ഉണ്ടാവുമോ : തീർച്ചയായും ഒന്ന് രണ്ടു ഫോട്ടോ എടുക്കണം,     

 

ബസ്സ് കടന്നുപോയി. വഴിയിലെന്നും ഒറ്റപ്പെട്ട കെട്ടിടം ഞാൻ കണ്ടില്ല. സംശയം തീര്ക്കാനായി ബസ്സിൽ  തൊട്ടടുത്തിരുന്ന ഒരാളോട് ഞാൻ ചോദിച്ചു. 'സർ ഇവിടെ ഒരു ഒറ്റപ്പെട്ട കെട്ടിടം ഇല്ലായിരുന്നോ': അതിനയാൾ ഇങ്ങിനെ മറുപടി പറഞ്ഞു... "കുഞ്ഞു പണ്ടിവിടെ വന്നിട്ടുണ്ട് അല്ലെ. ഒരു കെട്ടിടം ഉണ്ടായിരുന്നു.  സ്ഥലത്തിന്റെ ഉടമസ്ഥരുടെ മക്കളൊക്കെ വിദേശത്തല്ലേ?? അവർ സ്ഥലമൊക്കെ ആർക്കൊക്കെയോ വിറ്റു. വർഷങ്ങളായി അടച്ചിട്ടിരിക്കുകയായിരുന്ന കെട്ടിടം നിന്ന സ്ഥലം വാങ്ങിയ ആൾക്കാർ അത് ഇടിച്ചു പൊളിച്ചു; കളഞ്ഞു..  രണ്ടു രണ്ടര വർഷം ആയി ഇപ്പോൾ. ഒരു കാര്യം കൂടെ പറയണം.  

 

അന്നത് കുത്തിപ്പൊളിച്ചപ്പോൾ ആരുടെയൊക്കെയോ അസ്ഥികൂടങ്ങളും കണ്ടെടുത്തത്രേ... വലിയ തമ്പുരാക്കന്മാരല്ലരുന്നോ അന്നത്തെ ഏതെങ്കിലും പാവങ്ങളുടെ ആയിരിക്കും. ആരു ചോദിക്കാൻ, അല്ലെങ്കിൽ ആരോട് ചോദിക്കാൻ..?

 

അയാൾ പറഞ്ഞുകൊണ്ടേ ഇരുന്നു. ഞാനതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല. സിമിന്റു തേച്ച ഭിത്തിയിൽ കരികൊണ്ടെഴുതിയ മുദ്രാവാക്യം പക്ഷെ അപ്പോഴും എന്റെ ഉള്ളിൽ തെളിഞ്ഞുമാഞ്ഞുകൊണ്ടിരുന്നു. "ഇന്ദിരയെ തളക്കൂ...."
 
 

No comments:

Post a Comment