Monday, July 6, 2015

ഉണ്ണിമോൾ


ഉണ്ണിമോൾ

 


കാറ്റിന്റെ വേഗതയിൽ ആണ് ദേശവാസികൾ അക്കാര്യം പരസ്പരം പറഞ്ഞതും. 'പാവം ഉണ്ണിമോൾ' എന്ന് ഒരു കൂട്ടർ സഹതപിക്കുക്കയും ചെയ്തു. എല്ലാം ഏട്ടന്റെ ഒച്ചയിൽ നിന്നുമറിഞ്ഞതാണ്. അപ്പോഴും തനിക്കൊന്നുമറിയില്ലായിരുന്നല്ലോ. ഇല്ല ഇതൊന്നും ഞാൻ സമ്മതിക്കില്ല ദുരാചാരത്തിനു 'എന്റെ ഉണ്ണിമോളെ ഞാൻ വിട്ടുകൊടുക്കില്ല' എന്ന ഏട്ടന്റെ അലർച്ചയിൽ നിന്നുമാണ് താൻ കാര്യങ്ങളൂഹിച്ചത്.. 'അങ്ങിനെ താനാണ് ഇപ്രാവശ്യത്തെ വിധിക്കപ്പെട്ടവ'ളെന്നു.

 

 "ഇല്ല മോനെ, നമുക്കെതിർക്കാൻ കഴിയില്ല നാടുവാഴിയുടെ കൽപ്പനയാണ്. നാമനുസരിച്ചേ പറ്റൂ". അച്ഛന്റെ പരിദേവനം മുഴുവനാക്കും മുമ്പേ തന്റെ മുഖം അവർ കണ്ടു കഴിഞ്ഞിരുന്നു. അമ്മയുടെ മുഖത്ത് പതിവിലധികം ഗൗരവം, അവർ എന്തോ ആലോചിക്കുവാനെന്നു തോന്നി.

 

കാര്യങ്ങൾ തനിക്കു മനസ്സിലായെങ്കിലും അന്തരീക്ഷം ശാന്തമാക്കുന്നതിനുവേണ്ടി താൻ ചോദിച്ചു.

 

 "എന്താണിവിടെ ഇന്ന് അച്ഛനും ഏട്ടനും തമ്മിൽ?

 

ഏട്ടന്റെ കണ്ണുകൾ നിറയുന്നതിന്റെ അർത്ഥം എനിക്ക് മനസിലായിക്കഴിഞ്ഞിരുന്നു. മെല്ലെ മുമ്പോട്ട് ചെന്ന് കുടുമ്മ കെട്ടിയിരുന്ന മുടി അഴിച്ചു താൻ നെറ്റിത്തടത്തിൽ ഒരുമ്മ കൊടുത്തു.

 

 "ഏട്ടൻ വിഷമിക്കേണ്ടല്ലോ; കുടുംബത്തിനു വേണ്ടി ബലിയാടാകേണ്ടവളാണ് ഞാൻ എന്നെനിക്കു മനസിലായി. നാടുവാഴിക്കും നാടിനും വേണ്ടി ഏട്ടന്റെ ഉണ്ണിമോൾ ബലിയായിക്കൊള്ളാം" .

 


ഉതിരുന്ന കണ്ണുനീർ ആരും കാണാതെ ഇരിക്കാൻ ഏട്ടന്റെ കുടുമ്മയിലേക്ക് മുഖം ചേർത്ത് വച്ച് ഞാൻ നിന്നു.

 

വെള്ളിയാഴ്ച ആണത്രേ- നിലാവുദിച്ചു നാല് നാഴിക നേരം പോകെ, ആരോ എഴുതിവച്ചത് വായിക്കുമ്പോലെ നിർവികാരനായി ആരോടെന്നില്ലാതെ അച്ഛൻ പറഞ്ഞുകൊണ്ടിരുന്നു..

 

ഒരു ആന്തൽ നെഞ്ചിലുയര്ന്നു കഴിഞ്ഞു. ഇനി നാലു നാൾ കൂടി മാത്രം... തീണ്ടാരി ആകാൻ ഇനിയും പത്തു ദിവസം കൂടെ ഉണ്ട്.. മേതിലെ വാലിയക്കാരി ആണ് പറഞ്ഞത് .. ഉണ്ണിമോൾ തീണ്ടാരി ആയാല് രക്ഷപ്പെട്ടു . ബലിക്ക് എടുക്കില്ലത്രേ.. ഉണ്ണിമോൾക്കു പക്ഷെ ഭാഗ്യം ഇല്ലാതെ പോയോ? തീണ്ടാരി ആയില്ലതിനുമുന്നെ കല്പ്പിക്കപ്പെട്ടു കഴിഞ്ഞു ...

 

 **************************************

 

പന്തലൊരുങ്ങിക്കഴിഞ്ഞു..... കൃത്യമായ അളവിൽ മുറിച്ച വാഴപ്പിണ്ടികൾ തുല്യ അകലത്തിൽ കുത്തി നിര്ത്തിയിരിക്കുന്നു. അതിൽ കുരുത്തോലകൾ കുത്തിച്ചാർത്തിയിരിക്കുന്നു. മഞ്ഞപ്പൂക്കൾ കൊണ്ടുള്ള മാലകൾ കൊരുത്തിട്ടിരിക്കുന്ന പന്തലിനുള്ളിൽ ചോരച്ച നാവു പുറത്തേക്ക് നീട്ടിയിട്ടിരിക്കുന്ന കരിങ്കാളിയുടെ വിഗ്രഹത്തിനു മുന്നില് ചെമ്പട്ട് വിരിച്ചിരിക്കുന്ന പീഠം!!!! അതിലാണ് തല വെക്കേണ്ടത്..

 

കഴിഞ്ഞ വർഷം ശുക്ലത്രയോദശിയിലായിരുന്നു ബലി.. അന്ന് തന്റെ കൂട്ടുകാരി അമ്മിണിയുടെ ചേച്ചി ആയിരുന്നു പട്ടിൽ തല വച്ച് കിടന്നിരുന്നത്.. അമ്മിണി കരഞ്ഞ അലർച്ച ഇന്നും കാതിൽ.. ഇന്നെന്റെ കഴുത്തറ്റു വീഴുമ്പോൾ ആരാവും അലറിക്കരയുന്നത്.. അച്ഛനാവില്ല.. മൂലാചാരങ്ങളെ മുറുകെപ്പിടിച്ചു നടക്കുന്ന അച്ഛനു കണ്ണീരുണ്ടാവില്ല; അമ്മയോ... ഇല്ല അമ്മക്ക് കരയാനാവില്ലല്ലോ .. ഏട്ടൻ, ഏട്ടൻ മാത്രം കരയും.. പക്ഷെ ഏട്ടൻ എവിടെ ആണ്.. അന്ന് രാത്രി വീട് വിട്ടുപോയതാണ്.. തന്നെ കെട്ടിപ്പിടിച്ചു മൂർദ്ധാവിൽ ഒരു ചുംബനം നല്കവേ നിയന്ത്രണം വിട്ടു കരഞ്ഞ ഏട്ടനെ സമാധാനിപ്പിക്കേണ്ട ചുമതലയും തന്റെതായി... ഇല്ല ഏട്ടാ.. ഏട്ടന്റെ വേളി കൂടണം എന്നുള്ള കുഞ്ഞനുജത്തിയുടെ ആഗ്രഹം മാത്രം നടന്നില്ലല്ലോ .. അതെ ഉള്ളൂ എനിക്ക് വിഷമം. വേണ്ട..എന്നാലും എന്റെ ഏട്ടൻ കരയണ്ട...

 

                                     ********************

 

 "ഈറൻ പകർന്നു കുട്ടിയെ പന്തലിലേക്കയക്കുക". പരികർമ്മിയുടെ അട്ടഹാസം രാത്രിയുടെ നെഞ്ചിലൂടെ വടക്കോട്ട് പൊയ്കൊണ്ടിരുന്നു.. അമ്മ കയ്യിൽ പിടിച്ചു.. കിണറ്റു കരയിൽ പാളത്തൊട്ടിയിൽ നാലു പ്രാവശ്യം വെള്ളം കോരി തലവഴി ഒഴിച്ചു..

 

ഏതാനും വാരം പിന്നിലാണ്... മഴ നനയുന്ന തന്നെ അമ്മ ശാസിക്കുന്നു.. ഉണ്ണീ.. മഴ നനഞ്ഞാൽ അസുഖാവും കുട്ട്യേ, . അകത്തു കേറി പോകു.. .. അമ്മയാണ് ഇന്ന് തലയിൽ ഇപ്പോൾ .....

 

കുളി കഴിഞ്ഞു.. ചുവന്ന മുണ്ടുടുപ്പിക്കപ്പെട്ടു.. കഴുത്തിൽ വെളുത്ത പൂക്കളുടെ ഒരു ചെറിയ മാല .. അതുമിട്ടു.. ഇനി ഈറനോടെ പോവുക പ്രതിഫലം വാങ്ങൽ ആണ്.. ജീവന്റെ പ്രതിഫലം .. നാലുപേർ ചുമന്നു കൊണ്ടുവന്ന മഞ്ചലിൽ നാടുവാഴി എത്തിക്കഴിഞ്ഞു .. നാലു കിഴികളിൽ നൂറ്റൊന്നു പണവുമായി. ഇനി കിഴിവാങ്ങൽ ആണ്.. ജീവിതത്തിലെ അവസാന സമ്മാനക്കിഴി ആണ്.. ഇത് കഴിഞ്ഞാൽ പിന്നെ കിഴികളില്ല ജീവിതം തന്നെയില്ല.

 

പന്തങ്ങളുടെ- തീവെട്ടികളുടെ വെളിച്ചത്തിൽ നാലു കിഴികളും സ്വീകരിക്കപ്പെട്ടു.. ഇനി ദക്ഷിണയാണ്.. ഓരോ കിഴികളായി.. ആദ്യത്തെ കിഴി പരികർമ്മിക്കാണ്..കൊല്ലുന്നതിന്റെ പ്രതിഫലം!!! അടുത്തതച്ഛന്റെ കാൽക്കൽ അർപ്പിച്ചു..മൂന്നാമത്തെ കിഴി അമ്മയുടെ കൈകളിൽ..

 

നാലാമത്തെ കിഴി എട്ടനുള്ളതാണ്.. അതെട്ടന്റെ വേളിക്കു ഉണ്ണിമോളുടെ സമ്മാനമാണ്.. ഏട്ടാ എവിടെ ആണ്.. അനുജത്തിയുടെ കയ്യിൽ നിന്നും സമ്മാനം നീ വാങ്ങുകില്ലേ.. ..?

 

സമയമായി... നാലാമത്തെ കിഴി തലക്കുഴിഞ്ഞു താൻ താഴേക്കിട്ടു... ഒപ്പം നാലഞ്ചു കണ്ണുനീർത്തുള്ളികളും അടർന്നു വീണു.. രാവിൽ സ്വന്തമനുജത്തിയുടെ ദുര്യോഗമോർത്തു എങ്ങാനും പാടിയലയുന്ന ഏട്ടന്റെ രൂപം മനക്കണ്ണിൽ കണ്ടു തല ബലിക്കല്ലിലർപ്പിച്ചു... പരികർമ്മി കരിങ്കാളിപ്രതിമക്കു മുന്നിൽ പൂജിച്ചു വച്ചിരുന്ന നീണ്ട കരവാളം വലിച്ചെടുത്തു...

 

രാത്രിയുടെ നെഞ്ചിൽ ആർത്തലച്ചു കൊണ്ടിരുന്ന ശബ്ദകോലാഹലങ്ങൾ പൊടുന്നനെ നിലച്ചു.. കരവാളമൊന്നുയർന്നുതാണു.. ഒരു നിലവിളി പാതിയിൽ മുറിഞ്ഞു. കരിങ്കാളിയുടെ പുറത്തേക്കു നീണ്ട നാവിൽ ചോരത്തുള്ളികൾ വീണുതിളങ്ങുന്നത് പന്തങ്ങളുടെ വെളിച്ചത്തിൽ കാണാമായിരുന്നു..

No comments:

Post a Comment