Tuesday, April 7, 2015

ഹിമ

ആറു മണി ആയതേ ഉള്ളൂ ..
പക്ഷെ വല്ലാതെ ഇരുട്ടിക്കഴിഞ്ഞിരിക്കുന്നു..
ഉച്ചവരെ മങ്ങിയ വെയിൽ പുതച്ചു കിടക്കുന്ന ഭൂമിയിൽ വൈകുന്നേരത്തോടെ കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോടെ തുലാമഴ പെയ്യുന്ന സമയം ആണ്… ഇപ്പോൾ പക്ഷേ, ചെറിയ ചാറ്റൽ മഴ മാത്രമേ ഉള്ളൂ, ഏതു സമയവും മഴ ആർത്തിരമ്പി വരാം . അതിനു മുമ്പേ വീട്ടിലെത്തിയാൽ മതിയായിരുന്നു. ബസ്സിറങ്ങി വീട്ടിലേക്കു അതിവേഗം നടക്കുമ്പോൾ ഹിമ ആലോചിച്ചു


നാലുമണിക്ക് ഗ്രാമത്തിലേക്കു പോരേണ്ട ബസ്സ് വന്നപ്പോൾ അഞ്ചരയായത് കൊണ്ടാണ് അല്ലെങ്കിൽ എപ്പോഴേ വീട്ടിലെത്താമായിരുന്നു.. ഒരു സ്കൂൾകുട്ടിയെ അമിത വേഗത്തിൽ പോയിരുന്ന ഏതോ ഒരു വണ്ടി ഇടിച്ചുവെന്നോ കുട്ടി മരിച്ചുപോയെന്നോ, നാട്ടുകാരും കുട്ടികളും ഒക്കെ കൂടെ റോഡ് തടഞ്ഞിരിക്കുന്നത് കൊണ്ടാണ് ബസ്സ് വരാൻ താമസിച്ചതെന്നോ ഒക്കെ ബസ്സ്സ്റ്റോപ്പിൽ നിന്ന നേരം ആളുകൾ പരസ്പരം പറയുന്നുണ്ടായിരുന്നു. അതൊന്നും ശ്രദ്ധിക്കാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ലല്ലൊ, 
ബസ്സ്റ്റോപ്പിൽ നില്ക്കുമ്പോൾത്തന്നെ ചെറുതായി മഴ ചാറുന്നുണ്ടായിരുന്നു . മഴ കൂടും മുമ്പേ ബസ്സ് വന്നിരുന്നെങ്കിൽ എന്നായിരുന്നു മനസ്സ് മുഴുവൻ. ഉണ്ണിയേട്ടൻ ഒന്നും തന്നെ കഴിച്ചുകാണില്ല. രാവിലെ കഞ്ഞിയും ഒരുള്ളിത്തോരനും തയ്യാറാക്കി കിടക്കയ്ക്കടുത്ത് വച്ചിട്ടാണ് പോയത് തന്നെ. എങ്ങാനും താൻ താമസിച്ചുപോയാൽ മണിക്കുട്ടി സ്കൂളിൽ നിന്നും വരുമ്പോൾ കഞ്ഞി കോരിക്കൊടുക്കും ആ ഒരു സമാധാനമേ ഉള്ളൂ. തണുത്ത കാറ്റിൽ മുഖത്തേക്ക് ചിതറി വീണുകൊണ്ടിരുന്ന മുടിയിഴകളെ മെല്ലെ പുറകോട്ടു കോതിയിട്ടു അവൾ മുമ്പോട്ടു നടന്നു.
പാവം മണിക്കുട്ടി ! ഏഴു വയസ്സ് തികഞ്ഞിട്ടില്ല, അമ്മ വരാൻ താമസിച്ചാൽ അച്ഛനുള്ള ഭക്ഷണം വിളമ്പിക്കൊടുക്കാൻ അവൾ പഠിച്ചു കഴിഞ്ഞു. അച്ഛനെടുത്തു കൊണ്ടുനടന്നാൽ മാത്രം ഭക്ഷണം കഴിച്ചിരുന്ന കുഞ്ഞിന്ന്, തന്റെ കുഞ്ഞിക്കൈ കൊണ്ട് അച്ഛനു വാരിക്കൊടുക്കുന്നു !! 
“ഉവ്വാവില്ലാതിരുന്നപ്പോൾ അച്ഛൻ എന്നെ എടുത്തിട്ടുണ്ടല്ലോ.. ഇനി അച്ഛന്റെ ഉവ്വാവു മാറുമ്പോൾ വീണ്ടും എന്നെ എടുത്താൽ മതി , ഇപ്പോൾ അച്ഛൻ കരയണ്ടാ, മണിമോൾ പിണങ്ങും അച്ഛൻ കരഞ്ഞാൽ ആ….”
ഉണ്യേട്ടന്റെ കവിളിലൂടെ ഒഴുകുന്ന കണ്ണുനീർ തുടച്ചുകൊണ്ട് മണിക്കുട്ടി ചിലപ്പോൾ കഞ്ഞി കോരിക്കൊടുക്കുമ്പോൾ അച്ഛനോട് പറയുന്നത് കേൾക്കാം..
കഴിഞ്ഞ ഇതേ മഴക്കാലത്താരുന്നു വീടിനെ നടുക്കിയ ദുരന്തം മഴ പെയ്യുമെന്ന് കരുതി വീട്ടിലേക്കു ധൃതിയിൽ ബൈക്കോടിച്ചു വരവേ ആയിരുന്നു കുടുംബത്തിന്റെ അസ്ഥിവാരം ഇളക്കിയ അപകടം ഉണ്ടായത്. ഏതോ വണ്ടി ഇടിച്ചു തെ തെറുപ്പിക്കുകയായിരുന്നു. രക്ഷപ്പെടില്ലെന്ന് വൈദ്യശാസ്ത്രം ഉറപ്പിച്ചതാണ്. തന്റെ പ്രാർത്ഥനകളുടെ ഫലമായിട്ടാവും ദൈവം ജീവൻ ശേഷിപ്പിച്ചു തന്നു. ആയൂർവേദ മരുന്നുകളുടെ ഉപയോഗം കൊണ്ടാവും ഇപ്പോൾ ഇത്തിരിയൊക്കെ സംസാരിക്കാൻ സാധിക്കുന്നുണ്ട്. എങ്കിലും പരാശ്രയം ഇല്ലാതെ എഴുന്നേല്ക്കാൻ വയ്യാത്ത അവസ്ഥ, അതിമനോഹരമായി പാട്ടുകൾ പാടിയിരുന്ന ഉണ്ണ്യേട്ടൻ ഇന്നോരോ വാക്കുകൾക്കു വേണ്ടിയും വിഷമിക്കുന്നത് കാണുമ്പോൾ ഉള്ളിൽ അടങ്ങാത്ത വിഷമം ആർത്തലയ്ക്കും. ഒന്ന് പൊട്ടിക്കരയാൻ പോലും തനിക്കാവില്ലല്ലോ ! കരഞ്ഞാൽ ഏട്ടന്റെയും കണ്ണുകൾ നിറഞ്ഞൊഴുകും.
എങ്ങിനെ കഴിഞ്ഞിരുന്ന കുടുംബം ആണ്..!!  പൊടുന്നനെ … ഇങ്ങിനെ ദുരന്തത്തിൽ നിപതിച്ചു. ഇന്നിപ്പോൾ ഒരു മണി അരി വീട്ടിൽ ഇല്ല ഉണ്യേട്ടനു മരുന്ന് വാങ്ങിക്കാൻ പോലും കയ്യിൽ പൈസ ഇല്ല. കിട്ടാവുന്നിടത്തുനിന്നെല്ലാം കടം വാങ്ങിച്ചു കഴിഞ്ഞു. ഉണ്യെട്ടനാവത് ഉണ്ടായിരുന്നപ്പോൾ ചിരിച്ചുകൊണ്ട് സംസാരിച്ചിരുന്ന പലരും ഇപ്പോൾ………
ബന്ധങ്ങളുടെ നിരർത്ഥത ഒരാൾക്ക് അപകടം പറ്റുമ്പോഴേ മനസ്സിലാക്കാൻ പറ്റൂ ഏതു ജന്മത്തിൽ ചെയ്ത തെറ്റിന്റെ ശിക്ഷ ആണോ ദൈവമേ ! 
അവളുടെ ഉള്ളിൽ ഒരു കരച്ചിൽ വീണ്ടുമലച്ചുയർന്നു. അമ്മയെ കണ്ടു സങ്കടം പറയാം എന്ന് കരുതി ഇന്ന് ഉണ്യെട്ടനറിയാതെ പോയതാണ് .. ജോലി ചെയ്യുന്ന ടെക്സ്ടയില്സിൽ നിന്നും ഇത്തിരി നേരത്തെ അവധി എടുത്തു.. അറിഞ്ഞാൽ സമ്മതിക്കില്ല. കാരണം പ്രേമിച്ച ചെറുപ്പക്കാരനൊപ്പം ഒളിച്ചോടിപ്പോയതിന്റെ പേരിൽ തങ്ങളെ കൊല്ലാൻ വരെ ആളെ വിട്ടവരാണല്ലോ തന്റെ വീട്ടുകാർ.
ഉണ്യേട്ടന് അപകടം ഉണ്ടായതിൽ തന്റെ വീട്ടുകാർക്ക് കൈയുണ്ടെന്നു പാവം ഇപ്പോഴും വിശ്വസിക്കുന്നുണ്ടാവും. അതിൽ തെറ്റ് പറയാനും ഇല്ല. എന്തൊക്കെ ആയിരുന്നു നേരത്തെ. ജോലി ചെയ്യുന്നിടത്ത് വരെ ചെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. കൊല്ലുമെന്നായിരുന്നു.. പലപ്പോഴും പറഞ്ഞിരുന്നത്. എന്നിരിക്കിലും എത്രയായാലും സ്വന്തം മകളെ വിധവ ആക്കാൻ ഒരച്ഛനും അമ്മയ്ക്കും കഴിയില്ലെന്ന് തന്നെ താൻ കരുതുന്നു. ഉണ്യേട്ടന് അപകടം ഉണ്ടായതിൽ പിന്നെ ആണ് വീട്ടുകാരുടെ ഭീഷണി നിലച്ചത്.
ഓരോട്ടോറിക്ഷയുടെ ഇരമ്പൽ അവളുടെ ചിന്തകളെ ഭേദിച്ചുകൊണ്ട് വന്നവൾക്കടുത്തുനിന്നു.
‘ചേച്ചി.. ,
ചിരപരിചിതമായ ഒരു വിളികേട്ടു നോക്കുമ്പോൾ വിനോദാണ്. ഉണ്യേട്ടന്റെ കൂട്ടുകാരിൽ ഒരാൾ. ഇപ്പോഴും കണ്ടാൽ മുഖം തിരിക്കാതെ പോകുന്നവരിലൊരാൾ വിനോദ് മാത്രമാണ്.
ചേച്ചി ഇതെവിടാരുന്നു ? ഞാൻ രണ്ടു വട്ടം വീട്ടിൽ വന്നിട്ട് പോയി. ഉണ്യെട്ടൻ പറഞ്ഞു ഇപ്പോൾ വന്നുകാണും ഉടനെ വിളിച്ചോണ്ട് വരാൻ, അതല്ലേ പിന്നെയും ഓട്ടൊയുമെടുത്തു പാഞ്ഞു വരുന്നത്.
എന്താ വിനൊദെ ..അതിനുണ്യേട്ടൻ….. വീട്ടിൽ……
അവൾ മുഴുവനാക്കും മുമ്പേ വിനോദ് പറഞ്ഞു “”ഉണ്യെട്ടൻ വീട്ടിൽ ഇല്ല. ഉച്ചക്ക് വിവരമറിഞ്ഞപ്പോൾ മുതൽ ഞങ്ങൾ ആശുപത്രിയിലാണ്. ചേച്ചിയേ തിരക്കി ജോലിചെയ്യുന്നിടത്ത് ഞാൻ വന്നാരുന്നു അന്നേരമാ ചേച്ചി നാലുമണിക്ക് അമ്മയെ കാണാനായി പോയെന്നും ഇപ്പോൾ തിരിച്ചു വീട്ടിലെത്തിക്കാണുമെന്നും ചേച്ചിയുടെ കൂടെ ജോലി ചെയ്യുന്ന ശ്രീകല പറഞ്ഞത്. അത് കേട്ട് ഞാൻ തിരിച്ചിങ്ങോട്ട് തന്നെ വരുവാരുന്നു.
എന്താ പറ്റിയെ… ?
ചീറിയടിച്ച കാറ്റിൽ അവളുടെ ശബ്ദം ചിതറി …
‘ചേച്ചീ. നമ്മുടെ മണിക്കുട്ടി……’.
അയാൾ പറയാൻ വന്നത് പാതി നിർത്തിക്കളഞ്ഞു.
മണിക്കുട്ടിക്കെന്താ..
ഹിമയുടെ ശബ്ദം കലമ്പി…
അത് ചേച്ചീ…കുഞ്ഞിനെ സ്കൂൾ വിട്ടു വരുമ്പോൾ ഒരു വണ്ടി മുട്ടിയെന്നാ കേട്ടത്….നമ്മുടെ മണിക്കുട്ടി ഇനി….ഇനി…. ഇന്നുച്ചയ്ക്ക് ശേഷം ആരുന്നു. സ്കൂൾ കുട്ടികളൊക്കെ കൂടെ കുറെ ബസ്സുകൾ ഒക്കെ തല്ലിത്തകർത്തില്ലേ ? അത് കുഞ്ഞിനെ വണ്ടി ഇടിച്ചതിനു പകരം ആയി….. ഒരു കാര്യം ചെയ്യ്, ചേച്ചി വീട്ടിൽ പൊക്കൊ, ഇനി ആശുപത്രിയിലേക്ക് വരണ്ട, അവിടെ ഞങ്ങളൊക്കെ ഉണ്ടല്ലോ….
അയാൾ ഓട്ടോ തിരിച്ചു ഹിമ പക്ഷേ അതൊന്നും കണ്ടില്ല . ഒന്നിന് പിന്നാലെ ഒന്നായി വിധി അടിച്ചേല്പിക്കുന്ന ദുരന്തങ്ങൾ താങ്ങാനാവാതെ ഒരു ശിലാപ്രതിമപോലെ കോരിച്ചൊരിയുന്ന മഴയിൽ ഹിമ അങ്ങിനെ തന്നെ നിന്നു !!

No comments:

Post a Comment